ബിഗ് ബോസില്‍ അതിഥിയായെത്താന്‍ ദിലീപ്
ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അതിഥിയായി ദിലീപ് എത്തുന്നു. താന്‍ നായകനാവുന്ന പുതിയ ചിത്രം പവി കെയര്‍ടേക്കറിന്‍റെ വിശേഷങ്ങള്‍ മത്സരാര്‍ഥികളുമായി പങ്കുവെക്കുന്നതിനാണ് ദിലീപ് എത്തുന്നത്. കൂടാതെ മത്സരാത്ഥികളോട് ബിഗ് ബോസിലെ ഗെയിമുകളെക്കുറിച്ചും പ്ലാനുകളെക്കുറിച്ചുമൊക്കെ ദിലീപ് ചോദിച്ചറിയുന്നുമുണ്ട്. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ഏപ്രിൽ 26 ന് രാത്രി 9.30 ന് സംപ്രേഷണം ചെയ്യും.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ ഏഴാം വാരത്തിലാണ് ഇപ്പോള്‍. 19 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ നിരവധി എവിക്ഷനുകളും ഒപ്പം വൈല്‍ഡ് കാര്‍ഡുകളുടെ എന്‍ട്രിയും നടന്നിരുന്നു. അന്‍പത് ദിനങ്ങള്‍ പിന്നിടാനൊരുങ്ങുമ്പോള്‍ ഏതൊക്കെ മത്സരാര്‍ഥികള്‍ക്കാണ് മുന്‍തൂക്കമെന്ന് പറയാനാവാത്ത സ്ഥിതിയുണ്ട്. പ്രേക്ഷക പിന്തുണ കൂടുതലുള്ളവരും കുറഞ്ഞവരും ഈ സീസണിലുണ്ട്. എന്നാല്‍ താരപരിവേഷത്തിലേക്ക് എത്തിയിട്ടുള്ള മത്സരാര്‍ഥികള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
അതേസമയം ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പവി കെയര്‍ടേക്കറിന്‍റെ റിലീസ് 26 നാണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ എത്തുകയാണ് ചിത്രത്തില്‍. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.